2017, ഡിസംബർ 29, വെള്ളിയാഴ്‌ച

ഇന്റര്‍നെറ്റിന്റെ ലോകത്തേക്ക്

തികച്ചും യാദൃശ്ചികമായാണ് ഞാന്‍ ഇന്റര്‍നെറ്റിന്റെ ലോകത്തേക്കു വരുന്നത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ (2007) ആദ്യമായി ഒരു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അവസരം ലഭിച്ചു. മാമന്റെ കൈയ്യിലുണ്ടായിരുന്ന ഒരു 'നോക്കിയ' ഫോണായിരുന്നു അത്. '123' കീപാഡുള്ള ആ ഫോണിലെ 0 കീയില്‍ അമര്‍ത്തിപ്പിടിച്ചാല്‍ 'ഒരു ഭൂമി കറങ്ങുകയും' ഗൂഗിളിന്റെ ഹോംപേജില്‍ എത്തുകയും ചെയ്തിരുന്നു. കൗതുകത്തോടെയാണ് ഞാന്‍ അത് വീക്ഷിച്ചത്.

അക്കാലത്ത് ടെന്‍ സ്പോര്‍ട്സില്‍ സംപ്രേഷണം ചെയ്തിരുന്ന റെസ്ലിംഗ് (ഗുസ്തി) പരിപാടിയുടെ ആരാധകനായിരുന്ന ഞാന്‍ അതുസംബന്ധിച്ച കാര്യങ്ങള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാന്‍ തുടങ്ങി. അണ്ടര്‍ടേക്കറുടെ (Undertaker) ചിത്രമാണ് ആദ്യം ഡൗണ്‍ലോഡ് ചെയ്തതെന്നാണ് എന്റെ ഓര്‍മ്മ.

മാമന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ മാത്രമാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അവസരം ലഭിച്ചിരുന്നത്. പ്ലസ് വണ്ണില്‍ പഠിക്കുന്ന കാലത്ത് (2011) എന്റെ സുഹൃത്തുക്കളായിരുന്ന ഹര്‍ക്കിഷന്റെയും കണ്ണന്റെയും (പ്രബിന്‍ ബാബുജി) ഫോണുകളിലൂടെ ഇന്റര്‍നെറ്റിനെ കൂടുതല്‍ അടുത്തറിഞ്ഞു. ഫേസ്ബുക്കും ജിമെയിലും പരിചയപ്പെട്ടു.

കൊല്ലം ശ്രീ നാരായണ കോളേജില്‍ ബി.എസ്.സി. ഗണിതശാസ്ത്രത്തിനു പഠിക്കുന്ന കാലത്ത് എനിക്കൊരു സ്കോളര്‍ഷിപ്പ് ലഭിച്ചു. അതില്‍ നിന്നും 5100 രൂപാ മുടക്കി സാംസങ്ങിന്റെ ഒരു ടച്ച് ഫോണ്‍ വാങ്ങാന്‍ തീരുമാനിച്ചു. 2013 ജൂണ്‍ 12-ന് സാംസങ് ഗ്യാലക്സി സ്റ്റാര്‍ (GTS5282) എന്ന ആന്‍ഡ്രോയ്ഡ് ഫോണ്‍ വാങ്ങി. 4.1.2 ജെല്ലിബീന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആ ഫോണിലൂടെ ഞാന്‍ ഇന്റര്‍നെറ്റിന്റെ ലോകത്തേക്ക് വീണ്ടുമെത്തി.

അപ്പോഴും ഫേസ്ബുക്ക്, ജിമെയില്‍, ഗൂഗിള്‍ സെര്‍ച്ച് എന്നിവ മാത്രമാണ് ഞാന്‍ ഉപയോഗിച്ചിരുന്നത്. ക്വിസ്സിലും മറ്റും താല്‍പ്പര്യമുണ്ടായിരുന്നതിനാല്‍ പൊതുവിജ്ഞാന മേഖലയിലെ സംശയങ്ങള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിരുന്നു. അവയ്ക്ക് കൃത്യമായി ഉത്തരം നല്‍കിയിരുന്ന വിക്കിപീഡിയ എന്ന വെബ്സൈറ്റിനെ അപ്പോഴാണ് പരിചയപ്പെടുന്നത്. ഏതു സംശയത്തിനും ഉത്തരം നല്‍കിയിരുന്ന വിക്കിപീഡിയയെ അന്നു മുതല്‍ ഇഷ്ടപ്പെട്ടു തുടങ്ങി.

2013-ലാണ് വാട്സ് ആപ്പ് മെസഞ്ചറിനെക്കുറിച്ച് കേള്‍ക്കുന്നത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ കൂടുതല്‍ സമയവും അതില്‍ ചെലവഴിക്കാന്‍ തുടങ്ങി. വാട്സ് ആപ്പിന്റെ ഉപയോഗം പിന്നീട് എന്റെ വിക്കിപീഡിയാ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായി മാറി. അതിനെപ്പറ്റി ഇവിടെ വായിക്കാം.

2 അഭിപ്രായങ്ങൾ:

  1. ഇതെല്ലാം ഇങ്ങനെ എഴുതിവെക്കുന്നതു് നല്ലതാണു്. മീശ നരച്ച് മുടിയും കൊഴിഞ്ഞ് പല്ലില്ലാത്ത മോണയും ചവച്ചിരിക്കുന്ന കാലം വരുമ്പോൾ ഇവയെല്ലാം അമൂല്യമായ ചരിത്രരേഖകളായി മാറും.
    ഇന്റർനെറ്റ് എന്ന മഹാസമുദ്രത്തിലേക്കു് ഒരു ഒറ്റയാൾതോണിയും തുഴഞ്ഞുപോവുന്ന ഇത്തിരിക്കുഞ്ഞനു് ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. @വിശ്വേട്ടാ, ഈ കുറിപ്പ് വായിച്ചതിനും അഭിപ്രായം അറിയച്ചതിനും നന്ദി...

      ഇല്ലാതാക്കൂ