2017, ഡിസംബർ 30, ശനിയാഴ്‌ച

എന്തുകൊണ്ട് മലയാളം വിക്കിപീഡിയ ?

വിക്കിപീഡിയയിലേക്ക്  എന്ന പോസ്റ്റിന്റെ തുടര്‍ച്ച ഇവിടെ പ്രസിദ്ധീകരിക്കുന്നു.

2013 ഓഗസ്റ്റ് 6-ന് വലിയ കൂനമ്പായിക്കുളം ക്ഷേത്രത്തെക്കുറിച്ച് ലേഖനം ചെയ്തശേഷം ഒരു വര്‍ഷത്തോളം മലയാളം വിക്കിപീഡിയയില്‍ കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും ഞാന്‍ ചെയ്തിരുന്നില്ല. 2014-ല്‍ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് നടക്കുമ്പോള്‍ വീണ്ടും വിക്കിപീഡിയയിലേക്കു വന്നു. ചെസ്സിനോടുള്ള താല്‍പര്യമാണ് എന്നെ വീണ്ടും വിക്കിപീഡിയയിലേക്ക് ആകര്‍ഷിച്ചത്. ചാമ്പ്യന്‍ഷിപ്പിനെപ്പറ്റിയുള്ള ലേഖനത്തില്‍ വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്തുവെങ്കിലും വീണ്ടും വിക്കിപീഡിയയില്‍ നിന്നകന്നു.

മലയാളം വിക്കിപീഡിയയെക്കുറിച്ച് മലയാള മനോരമയിലും ദേശാഭിമാനി അക്ഷരമുറ്റത്തിലും പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ വായിച്ചപ്പോഴാണ് അതേപ്പറ്റി കൂടുതല്‍ അറിയുവാന്‍ കഴിഞ്ഞത്. 'മനുഷ്യന്‍ കണ്ടെത്തിയ എല്ലാ അറിവുകളും ലോകത്തുള്ള എല്ലാ മനുഷ്യര്‍ക്കും സൗജന്യമായി ലഭ്യമാക്കുക' എന്ന മഹത്തായ ആശയത്തിലൂന്നിയാണ് വിക്കിപീഡിയയുടെ പ്രവർത്തനം. ഇവിടെ ആര്‍ക്കും തിരുത്തല്‍ നടത്താം ലേഖനങ്ങളെഴുതാം.. ഇതൊക്കെ ആ റിപ്പോര്‍ട്ടുുകളിൂടെയാണ് ഞാന്‍ മനസ്സിലാക്കിയത്. അതുവരെ വിക്കിപീഡിയയുടെ മഹത്വം മനസ്സിലാക്കാതെ പ്രവര്‍ത്തിച്ചുവന്നിരുന്ന ഞാന്‍ വിക്കിപീഡിയയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെട്ടു.

2015-ല്‍ ഡിഗ്രി പഠനം പൂര്‍ത്തിയായതോടെ വിക്കിപീഡിയയില്‍ കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ആ വര്‍ഷം വിക്കിപീഡിയയില്‍ നടന്ന ഏഷ്യന്‍ മാസം തിരുത്തല്‍ യജ്ഞത്തില്‍  പങ്കെടുത്തു. ഏഷ്യയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എഴുതുന്നതിനുള്ള ഒരു പരിപാടിയായിരുന്നു അത്. കുറഞ്ഞത് 5 ലേഖനങ്ങൾ എങ്കിലും എഴുതുന്നവർക്ക്  വിക്കിപീഡിയയില്‍ നിന്നുള്ള അഭിനന്ദന സന്ദേശം ഏതെങ്കിലും വിദേശരാജ്യത്തു നിന്നുള്ള പോസ്റ്റ് കാര്‍ഡായി ലഭിക്കും. ഈ തിരുത്തൽ യജ്ഞത്തിൽ 11 ലേഖനങ്ങൾ എഴുതിയ എനിക്ക് ചൈനയിൽ നിന്നുള്ള പോസ്റ്റ് കാർഡ് സമ്മാനമായി ലഭിച്ചു.  അതെനിക്കു കൂടുതല്‍ പ്രചോദനമായി. പിന്നീട് നിരവധി ലേഖനങ്ങള്‍ ഞാനെഴുതി.

2013-ല്‍ മലയാളം വിക്കിപീഡിയയില്‍ പ്രവര്‍ത്തനം ആരംഭിച്ച നാള്‍ മുതല്‍ 2018 ഏപ്രിൽ വരെയുള്ള എല്ലാ ലേഖനങ്ങളും എന്റെ സാംസങ് ഗ്യാലക്സി സ്റ്റാര്‍ (GTS5282) എന്ന ആന്‍ഡ്രോയ്ഡ് ഫോണുപയോഗിച്ചാണ് നിര്‍മ്മിച്ചത്. 2017 ഡിസംബര്‍ വരെ മലയാളം വിക്കിപീഡിയയില്‍ 180-ലധികം ലേഖനങ്ങളും 4100-ലധികം തിരുത്തുകളും ചെയ്തിട്ടുണ്ട്.  (ഈ ബ്ലോഗ് നിര്‍മ്മിച്ചതും ഇതേ ഫോണ്‍ ഉപയോഗിച്ചാണ്.)

വിക്കിപീഡിയയില്‍ ലേഖനം എഴുതുന്നതിലൂടെ കുറേ കാര്യങ്ങള്‍ നാം പഠിക്കുന്നു. അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാനും കഴിയുന്നു. സൈബര്‍ ലോകത്ത് മനുഷ്യന്‍ കെട്ടിപ്പൊക്കുന്ന ഈ വിശ്വവിജ്ഞാനകോശത്തിന്റെ നിര്‍മ്മാണത്തില്‍ നമ്മുടേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിയുന്നു. വിക്കിപീഡിയയില്‍ നാം നല്‍കിയ സംഭാവനകള്‍ നമ്മുടെ കാലശേഷവും അവിടെയുണ്ടാകും.

 വിക്കിപീഡിയ ഇനിയും വിശാലമാകും...എങ്കിലും നാം പതിപ്പിച്ച അടയാളം വിക്കിപീഡിയയുടെ ഏതെങ്കിലും ഒരു കോണില്‍ അവശേഷിക്കുന്നുണ്ടാകും.....സ്മാരകശിലകള്‍ പോലെ..

മലയാളം വിക്കിപീഡിയയിലേക്ക്

ഇന്റര്‍നെറ്റിന്റെ ലോകത്തേേക്ക്  എന്ന പോസ്റ്റിന്റെ തുടര്‍ച്ച ഇവിടെ പ്രസിദ്ധീകരിക്കുന്നു.

ഒരിക്കല്‍ വാട്സ് ആപ്പില്‍ നിന്ന് മലയാളത്തിലുള്ള ഒരു മെസേജ് കിട്ടിയത് എന്നെ വളരെയേറെ സ്വാധീനിച്ചു. എനിക്കും മലയാളം ടൈപ്പുചെയ്യണം എന്ന ആഗ്രഹമുണ്ടായി. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍  Android Malayalam Keyboard എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തു. നീല വൃത്തത്തിനുള്ളില്‍ 'അ' എന്ന അക്ഷരം രേഖപ്പെടുത്തിയിരുന്ന അതിന്റെ ലോഗോ പോലും ആകര്‍ഷകമായിരുന്നു. ഏറെ കൗതുകത്തോടെ ഞാന്‍ മൊബൈലില്‍ മലയാളം ടൈപ്പുചെയ്യാനാരംഭിച്ചു. കുറേക്കാലം ഫേസ്ബുക്കിലും വാട്സ് ആപ്പിലും മലയാളം ടൈപ്പുചെയ്തു നടന്നു. അങ്ങനെയിരിക്കെ മലയാളം കീബോര്‍ഡ് ഉപയോഗിച്ച് ആര്‍ക്കെങ്കിലും ഉപകാരപ്രദമാകുന്ന തരത്തില്‍ എന്തെങ്കിലും എഴുതിയാലോ എന്നു ചിന്തിച്ചു. ഏറെക്കാലം ഈ ചിന്ത മനസ്സില്‍ കിടന്നു.

ഒരിക്കല്‍ ഗൂഗിളില്‍ മലയാളത്തില്‍ എന്തോ സെര്‍ച്ച് ചെയ്തപ്പോഴാണ് മലയാളം വിക്കിപീഡിയ എന്ന സൈറ്റ് ശ്രദ്ധയില്‍പ്പെട്ടത്. വിക്കിപീഡിയയ്ക്ക് മലയാളം പതിപ്പുള്ളതായി അതുവരെ ഞാന്‍ അറിഞ്ഞിരുന്നില്ല. 'ആര്‍ക്കും തിരുത്താവുന്ന സ്വതന്ത്രവിജ്ഞാനകോശം' എന്ന തലക്കെട്ടോടെ തുറന്നുവന്ന മലയാളം വിക്കിപീഡിയയുടെ ഹോം പേജ് മുഴുവന്‍ വായിച്ചുനോക്കയപ്പോള്‍ എനിക്കും അതില്‍ ലേഖനം എഴുതാമെന്ന് മനസ്സിലായി.

രണ്ടാം സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞിരുന്ന സമയമായതിനാല്‍ ലേഖനമെഴുതുന്നതിന് തടസ്സങ്ങളൊന്നും ഉണ്ടായിരുന്നില്ല. 2013 ഓഗസ്റ്റ് 3-ന് Arunsunilkollam എന്ന യൂസര്‍ നെയിമില്‍ മലയാളം വിക്കിപീഡിയയില്‍ ഒരു അക്കൗണ്ടെടുത്തു. ലേഖനം എഴുതുന്നതിനെ സംബന്ധിച്ചുള്ള വിക്കിപീഡിയയിലെ സഹായം പേജുകള്‍ വായിച്ചു മനസ്സിലാക്കി.

എന്റെ വീടിനടുത്തുള്ള വലിയ കൂനമ്പായിക്കുളം ഭദ്രകാളി ക്ഷേത്രത്തെക്കുറിച്ച് ഒരു ലേഖനം എഴുതാന്‍ തീരുമാനിച്ചു. 2013 ഓഗസ്റ്റ് 6-ന് ക്ഷേത്രത്തെപ്പറ്റിയുള്ള അത്യാവശ്യ വിവരങ്ങള്‍ ശേഖരിച്ച് ഒരു കടലാസില്‍ എഴുതി. ഫോണിലെ 'Memo' എന്ന ടെക്സ്റ്റ് എഡിറ്റര്‍ ആപ്ലിക്കേഷനില്‍ അത് ടൈപ്പുചെയ്തു. ടെക്സ്റ്റ് മുഴുവന്‍ കോപ്പി ചെയ്ത് യു.സി. ബ്രൗസറില്‍ മലയാളം വിക്കിപീഡിയ തുറന്ന് 'ലേഖനം തുടങ്ങുക' എന്ന ബട്ടണില്‍ ക്ലിക്കുചെയ്തു. 'കൂനമ്പായിക്കുളം ക്ഷേത്രം' എന്ന തലക്കെട്ടിനു താഴെയുള്ള പെട്ടിയില്‍ ടെക്സ്റ്റ് പേസ്റ്റുചെയ്ത് ലേഖനം പ്രസിദ്ധീകരിച്ചു. മലയാളം വിക്കിപീഡിയയിലെ എന്റെ ആദ്യത്തെ എഡിറ്റും ആദ്യത്തെ ലേഖനവും അതായിരുന്നു. ആ ലേഖനം  ഇവിടെ വായിക്കാം.

ആദ്യകാലത്ത് വിക്കിപീഡിയാ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കാതിരുന്ന ഞാന്‍ എങ്ങനെയാണ് പിന്നീട് ഒരു സജീവ വിക്കിപീഡിയനായി മാറിയതെന്ന കാര്യം എനിക്കും അത്ഭുതമാണ്. അതിനെക്കുറിച്ച് ഇവിടെ വായിക്കാം.

2017, ഡിസംബർ 29, വെള്ളിയാഴ്‌ച

ഇന്റര്‍നെറ്റിന്റെ ലോകത്തേക്ക്

തികച്ചും യാദൃശ്ചികമായാണ് ഞാന്‍ ഇന്റര്‍നെറ്റിന്റെ ലോകത്തേക്കു വരുന്നത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ (2007) ആദ്യമായി ഒരു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അവസരം ലഭിച്ചു. മാമന്റെ കൈയ്യിലുണ്ടായിരുന്ന ഒരു 'നോക്കിയ' ഫോണായിരുന്നു അത്. '123' കീപാഡുള്ള ആ ഫോണിലെ 0 കീയില്‍ അമര്‍ത്തിപ്പിടിച്ചാല്‍ 'ഒരു ഭൂമി കറങ്ങുകയും' ഗൂഗിളിന്റെ ഹോംപേജില്‍ എത്തുകയും ചെയ്തിരുന്നു. കൗതുകത്തോടെയാണ് ഞാന്‍ അത് വീക്ഷിച്ചത്.

അക്കാലത്ത് ടെന്‍ സ്പോര്‍ട്സില്‍ സംപ്രേഷണം ചെയ്തിരുന്ന റെസ്ലിംഗ് (ഗുസ്തി) പരിപാടിയുടെ ആരാധകനായിരുന്ന ഞാന്‍ അതുസംബന്ധിച്ച കാര്യങ്ങള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാന്‍ തുടങ്ങി. അണ്ടര്‍ടേക്കറുടെ (Undertaker) ചിത്രമാണ് ആദ്യം ഡൗണ്‍ലോഡ് ചെയ്തതെന്നാണ് എന്റെ ഓര്‍മ്മ.

മാമന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ മാത്രമാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അവസരം ലഭിച്ചിരുന്നത്. പ്ലസ് വണ്ണില്‍ പഠിക്കുന്ന കാലത്ത് (2011) എന്റെ സുഹൃത്തുക്കളായിരുന്ന ഹര്‍ക്കിഷന്റെയും കണ്ണന്റെയും (പ്രബിന്‍ ബാബുജി) ഫോണുകളിലൂടെ ഇന്റര്‍നെറ്റിനെ കൂടുതല്‍ അടുത്തറിഞ്ഞു. ഫേസ്ബുക്കും ജിമെയിലും പരിചയപ്പെട്ടു.

കൊല്ലം ശ്രീ നാരായണ കോളേജില്‍ ബി.എസ്.സി. ഗണിതശാസ്ത്രത്തിനു പഠിക്കുന്ന കാലത്ത് എനിക്കൊരു സ്കോളര്‍ഷിപ്പ് ലഭിച്ചു. അതില്‍ നിന്നും 5100 രൂപാ മുടക്കി സാംസങ്ങിന്റെ ഒരു ടച്ച് ഫോണ്‍ വാങ്ങാന്‍ തീരുമാനിച്ചു. 2013 ജൂണ്‍ 12-ന് സാംസങ് ഗ്യാലക്സി സ്റ്റാര്‍ (GTS5282) എന്ന ആന്‍ഡ്രോയ്ഡ് ഫോണ്‍ വാങ്ങി. 4.1.2 ജെല്ലിബീന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആ ഫോണിലൂടെ ഞാന്‍ ഇന്റര്‍നെറ്റിന്റെ ലോകത്തേക്ക് വീണ്ടുമെത്തി.

അപ്പോഴും ഫേസ്ബുക്ക്, ജിമെയില്‍, ഗൂഗിള്‍ സെര്‍ച്ച് എന്നിവ മാത്രമാണ് ഞാന്‍ ഉപയോഗിച്ചിരുന്നത്. ക്വിസ്സിലും മറ്റും താല്‍പ്പര്യമുണ്ടായിരുന്നതിനാല്‍ പൊതുവിജ്ഞാന മേഖലയിലെ സംശയങ്ങള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിരുന്നു. അവയ്ക്ക് കൃത്യമായി ഉത്തരം നല്‍കിയിരുന്ന വിക്കിപീഡിയ എന്ന വെബ്സൈറ്റിനെ അപ്പോഴാണ് പരിചയപ്പെടുന്നത്. ഏതു സംശയത്തിനും ഉത്തരം നല്‍കിയിരുന്ന വിക്കിപീഡിയയെ അന്നു മുതല്‍ ഇഷ്ടപ്പെട്ടു തുടങ്ങി.

2013-ലാണ് വാട്സ് ആപ്പ് മെസഞ്ചറിനെക്കുറിച്ച് കേള്‍ക്കുന്നത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ കൂടുതല്‍ സമയവും അതില്‍ ചെലവഴിക്കാന്‍ തുടങ്ങി. വാട്സ് ആപ്പിന്റെ ഉപയോഗം പിന്നീട് എന്റെ വിക്കിപീഡിയാ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായി മാറി. അതിനെപ്പറ്റി ഇവിടെ വായിക്കാം.

എന്നെക്കുറിച്ച്

എന്റെ പേര്  അരുണ്‍. ബി.എസ്. ഞാന്‍ കൊല്ലം ജില്ലയിലെ പാലത്തറ സ്വദേശിയാണ്. കൊല്ലം ശ്രീനാരായണ കോളേജില്‍ നിന്ന് ബി.എസ്.സി. ഗണിതശാസ്ത്രബിരുദം നേടി. ഇപ്പോള്‍ ഒരു സര്‍ക്കാര്‍ ജോലിക്കായി ശ്രമിക്കുന്നു. മലയാളം വിക്കിപീഡിയയില്‍ ലേഖനങ്ങള്‍ എഴുതുന്നുമുണ്ട്. എന്റെ വിക്കിപീഡിയ പ്രൊഫൈല്‍ ഇവിടെ കാണാം. മലയാളം വിക്കിപീഡിയയിലേക്ക് ഞാന്‍ എങ്ങനെ എത്തിച്ചേര്‍ന്നു എന്നതിനെക്കുറിച്ചും എന്റെ വിക്കി അനുഭവങ്ങളെക്കുറിച്ചും നിങ്ങളോട് പങ്കുവയ്ക്കാനാണ് ഈ ബ്ലോഗ് ആരംഭിച്ചത്.