2017, ഡിസംബർ 30, ശനിയാഴ്‌ച

മലയാളം വിക്കിപീഡിയയിലേക്ക്

ഇന്റര്‍നെറ്റിന്റെ ലോകത്തേേക്ക്  എന്ന പോസ്റ്റിന്റെ തുടര്‍ച്ച ഇവിടെ പ്രസിദ്ധീകരിക്കുന്നു.

ഒരിക്കല്‍ വാട്സ് ആപ്പില്‍ നിന്ന് മലയാളത്തിലുള്ള ഒരു മെസേജ് കിട്ടിയത് എന്നെ വളരെയേറെ സ്വാധീനിച്ചു. എനിക്കും മലയാളം ടൈപ്പുചെയ്യണം എന്ന ആഗ്രഹമുണ്ടായി. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍  Android Malayalam Keyboard എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തു. നീല വൃത്തത്തിനുള്ളില്‍ 'അ' എന്ന അക്ഷരം രേഖപ്പെടുത്തിയിരുന്ന അതിന്റെ ലോഗോ പോലും ആകര്‍ഷകമായിരുന്നു. ഏറെ കൗതുകത്തോടെ ഞാന്‍ മൊബൈലില്‍ മലയാളം ടൈപ്പുചെയ്യാനാരംഭിച്ചു. കുറേക്കാലം ഫേസ്ബുക്കിലും വാട്സ് ആപ്പിലും മലയാളം ടൈപ്പുചെയ്തു നടന്നു. അങ്ങനെയിരിക്കെ മലയാളം കീബോര്‍ഡ് ഉപയോഗിച്ച് ആര്‍ക്കെങ്കിലും ഉപകാരപ്രദമാകുന്ന തരത്തില്‍ എന്തെങ്കിലും എഴുതിയാലോ എന്നു ചിന്തിച്ചു. ഏറെക്കാലം ഈ ചിന്ത മനസ്സില്‍ കിടന്നു.

ഒരിക്കല്‍ ഗൂഗിളില്‍ മലയാളത്തില്‍ എന്തോ സെര്‍ച്ച് ചെയ്തപ്പോഴാണ് മലയാളം വിക്കിപീഡിയ എന്ന സൈറ്റ് ശ്രദ്ധയില്‍പ്പെട്ടത്. വിക്കിപീഡിയയ്ക്ക് മലയാളം പതിപ്പുള്ളതായി അതുവരെ ഞാന്‍ അറിഞ്ഞിരുന്നില്ല. 'ആര്‍ക്കും തിരുത്താവുന്ന സ്വതന്ത്രവിജ്ഞാനകോശം' എന്ന തലക്കെട്ടോടെ തുറന്നുവന്ന മലയാളം വിക്കിപീഡിയയുടെ ഹോം പേജ് മുഴുവന്‍ വായിച്ചുനോക്കയപ്പോള്‍ എനിക്കും അതില്‍ ലേഖനം എഴുതാമെന്ന് മനസ്സിലായി.

രണ്ടാം സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞിരുന്ന സമയമായതിനാല്‍ ലേഖനമെഴുതുന്നതിന് തടസ്സങ്ങളൊന്നും ഉണ്ടായിരുന്നില്ല. 2013 ഓഗസ്റ്റ് 3-ന് Arunsunilkollam എന്ന യൂസര്‍ നെയിമില്‍ മലയാളം വിക്കിപീഡിയയില്‍ ഒരു അക്കൗണ്ടെടുത്തു. ലേഖനം എഴുതുന്നതിനെ സംബന്ധിച്ചുള്ള വിക്കിപീഡിയയിലെ സഹായം പേജുകള്‍ വായിച്ചു മനസ്സിലാക്കി.

എന്റെ വീടിനടുത്തുള്ള വലിയ കൂനമ്പായിക്കുളം ഭദ്രകാളി ക്ഷേത്രത്തെക്കുറിച്ച് ഒരു ലേഖനം എഴുതാന്‍ തീരുമാനിച്ചു. 2013 ഓഗസ്റ്റ് 6-ന് ക്ഷേത്രത്തെപ്പറ്റിയുള്ള അത്യാവശ്യ വിവരങ്ങള്‍ ശേഖരിച്ച് ഒരു കടലാസില്‍ എഴുതി. ഫോണിലെ 'Memo' എന്ന ടെക്സ്റ്റ് എഡിറ്റര്‍ ആപ്ലിക്കേഷനില്‍ അത് ടൈപ്പുചെയ്തു. ടെക്സ്റ്റ് മുഴുവന്‍ കോപ്പി ചെയ്ത് യു.സി. ബ്രൗസറില്‍ മലയാളം വിക്കിപീഡിയ തുറന്ന് 'ലേഖനം തുടങ്ങുക' എന്ന ബട്ടണില്‍ ക്ലിക്കുചെയ്തു. 'കൂനമ്പായിക്കുളം ക്ഷേത്രം' എന്ന തലക്കെട്ടിനു താഴെയുള്ള പെട്ടിയില്‍ ടെക്സ്റ്റ് പേസ്റ്റുചെയ്ത് ലേഖനം പ്രസിദ്ധീകരിച്ചു. മലയാളം വിക്കിപീഡിയയിലെ എന്റെ ആദ്യത്തെ എഡിറ്റും ആദ്യത്തെ ലേഖനവും അതായിരുന്നു. ആ ലേഖനം  ഇവിടെ വായിക്കാം.

ആദ്യകാലത്ത് വിക്കിപീഡിയാ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കാതിരുന്ന ഞാന്‍ എങ്ങനെയാണ് പിന്നീട് ഒരു സജീവ വിക്കിപീഡിയനായി മാറിയതെന്ന കാര്യം എനിക്കും അത്ഭുതമാണ്. അതിനെക്കുറിച്ച് ഇവിടെ വായിക്കാം.

2 അഭിപ്രായങ്ങൾ:

  1. അരുൺ സുനിൽ ഇനിയും ശ്രദ്ധിക്കേണ്ട ഒരു കാര്യം:
    ഹൈപ്പർ ലിങ്കുകളാണു് ഇന്റർനെറ്റിലെ ബ്രഹ്മാസ്ത്രങ്ങൾ. ക്ലിക്കുകൾക്കുവേണ്ടിയാണു് ഇന്റർനെറ്റിലെ ബിസിനസ്സ് ഭീമന്മാർ ഒന്നടങ്കം രാപകൽ ഉഴറിനടക്കുന്നതു്. അതേ ബ്രഹ്മാസ്ത്രത്തെ ഏറ്റവും ഫലവത്തായി ഉപയോഗിക്കാനറിയുക അതിശക്തമായ ഒരു തന്ത്രമാണു്.
    എന്തു പറയുമ്പോഴും എഴുതുമ്പോഴും അതുമായി സാംഗത്യമുള്ള ഒരു ഹൈപ്പർലിങ്ക് ഉണ്ടെങ്കിൽ അതെപ്പോഴും ചേർത്തുവെക്കുക തന്നെ വേണം.

    [എന്നൊക്കെ എഴുതാൻ വന്നതായിരുന്നു. പക്ഷേ ഈ പോസ്റ്റിൽ അരുൺ അവയെല്ലാം ഇതിനകം വിദഗ്ദ്ധമായി ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു! അഭിനന്ദനങ്ങൾ!]

    മറുപടിഇല്ലാതാക്കൂ
  2. വിലയേറിയ അഭിപ്രായത്തിനു വീണ്ടും നന്ദി...

    മറുപടിഇല്ലാതാക്കൂ